ചെങ്ങന്നൂർ: വിവാഹം കഴിഞ്ഞ് മൂന്നു മാസമായ യുവതി സ്വന്തം വീട്ടിൽ നിന്നിറങ്ങി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛനും മക്കളും ചേർന്ന് നദിയിൽ ചാടി യുവതിയെ രക്ഷിച്ചു. ഒന്നര കിലോമീറ്ററോളം പമ്പാ നദിയിൽ നിന്ന് ഒഴുകിയെത്തിയ യുവതി യാതൊരു പരിക്കുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാലക്കര സ്വദേശിനിയായ 26 കാരിയാണ് ഇന്നലെ വെളുപ്പിനെ 6 മണിയോടെ ആറാട്ടുപുഴ പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയത്. ഒന്നര കിലോ മീറ്ററോളം അകലെ ഇടനാട് പാലത്തിനു സമീപം പുറത്തോത്ത് കടവിൽ യുവതി മുങ്ങി താഴുന്നത് കണ്ട് സമീപവാസികളാണ് രക്ഷപ്പെടുത്തിയത്. നിലവിളി കേട്ട് ഓടി എത്തിയ ഇടനാട് പുറത്തോത്ത് വീട്ടിൽ രാജഗോപാലൻ മക്കളായ അജിത് രാജ്, അരുൺ രാജ് എന്നിവർ ചേർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
സ്ഥലത്തെത്തിയ വാർഡ് കൗൺസിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ അർച്ചന കെ.ഗോപി അറിയിച്ചതനനുസരിച്ച് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. മേൽ നടപടി സ്വീകരിച്ചു. മാലക്കരയിലെ സ്വന്തം വീട്ടിലായിരുന്ന യുവതി അവിടെ നിന്ന് ആറാട്ടുപുഴയിൽ എത്തിയാണ് നദിയിൽ ചാടിയത്. എന്താണ് പ്രശ്നമെന്ന് യുവതി വ്യക്തമാക്കുന്നില്ലെന്ന് പോലീസ് പറയുന്നു. മൂന്നു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. വീട്ടുകാരോടൊപ്പം പോലീസ് യുവതിയെ വിട്ടയച്ചു.