തിരുവനന്തപുരം; സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജി തോമസ് ശതകോടീശ്വരനായി. ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.ഇന്നലത്തെ ഓഹരി നിലവാരമനുസരിച്ച് 510 കോടി ഡോളർ (ഏകദേശം 37,850 കോടി രൂപ) ആണ് കമ്പനിയുടെ മൂല്യം. ഇതിൽ 125 കോടി ഡോളറിന്റെയെങ്കിലും (9,200 കോടി രൂപ) ഓഹരി മാവേലിക്കര സ്വദേശിയായ രാജിയുടേതാണ്. വെറും 12 വർഷം കൊണ്ടാണ് സ്പ്രിൻക്ലർ ഈ വമ്പൻ നേട്ടത്തിനുടമയായത്.
രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ (സാസ്) കമ്പനിയാണ് സ്‌പ്രിംക്ലർ. കമ്പനിയുടെ ഓഹരികൾസ്റ്റോക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്ക് പങ്കാളിയാകാൻ അവസരമൊരുക്കുക എന്നത് ആദ്യം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സ്‌പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജി തോമസ് പറഞ്ഞു.
കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്‌പ്രിംക്ലറിന്റെ സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ കഴിഞ്ഞ ഇടതുസർക്കാർ ഒരു വർഷം മുമ്പ് ഡേറ്റ വിശകലനത്തിനായി സ്‌പ്രിംക്ലറിനെയാണ് നിയോഗിച്ചത്.
പോണ്ടിച്ചേരി എൻജിനീയറിങ് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്ത ശേഷം 1996ൽ ടാറ്റാ കൺസൽറ്റൻസി സർവീസസിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജി തോമസ് യുഎസിലെത്തുന്നത്. എറ്റി ആൻഡ് ടി, ബെൽ ലാബ്സ് എന്നിവയിൽ കൺസൽറ്റന്റായിരുന്നു. 2009 സെപ്റ്റംബറിലാണ് സ്‌പ്രിംക്ലറിന് തുടക്കമിട്ടത്. ഏതാനും സ്റ്റാർട്ട്അപ്പുകളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.