ഭോപ്പാല്‍: കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ഡൗണ്‍ അവസാനിപ്പിച്ച് മധ്യപ്രദേശ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണവിധേയമായെന്നും ഈ സാഹചര്യത്തില്‍ ഞായറാഴ്ചയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തെ 35 ജില്ലകളില്‍ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആക്ടീവ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തിയെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വൈറസ് വ്യാപനം തടയാന്‍ രാത്രി എട്ട് മണിമുതല്‍ രാവിലെ ആറ് മണിവരെയുള്ള രാത്രി കര്‍ഫ്യൂ തുടരും.
ജൂണ്‍ ഒന്ന് മുതലാണ് ഘട്ടംഘട്ടമായി മധ്യപ്രദേശില്‍ നിയന്ത്രണങ്ങളില്‍ പിന്‍വലിച്ചു തുടങ്ങിയത്.