റോം: ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ലൈ വിഭാഗത്തിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കും. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡും സജന്‍ സ്വന്തമാക്കി.
27 കാരനായ സജന്‍ റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സജന്‍ എത്തിയിരിക്കുന്നത്.
200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തില്‍ 1:56.48 സമയമാണ് ഒളിമ്പിക്‌സ് യോഗ്യത. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജന്‍ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.
2015ൽ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സജൻ ദേശീയശ്രദ്ധ നേടുന്നത്. ഗെയിംസിൽ ആറ് സ്വർണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി മീറ്റിലെ താരമായിരുന്നു സജൻ.
വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് സജൻ. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്‌സിൽ മത്സരിച്ച സെബാസ്റ്റ്യൻ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തൽ താരത്തിന് ഒളിമ്പിക് അവസരം ലഭിക്കുന്നത്.