തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗൺ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും.
ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്.
ഞായറാഴ്ച ക്രിസ്ത്യൻ ദേവാലയങ്ങളില്‍ പ്രാര്‍ഥനക്ക് അനുമതിയില്ല. ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 15 പേര്‍ക്കാണ് ആരാധനാലയങ്ങളില്‍ ഒരേ സമയം പ്രവേശനം അനുവദിച്ചിരുന്നത്.
ടൂറിസം മേഖലയിലടക്കം തുറക്കാന്‍ അനുമതിയുണ്ടാകുമെന്നും മറ്റുമായിരുന്നു പ്രതീക്ഷ. ഇനിയും നിലവിലുള്ള ഇളവുകള്‍ തുടരാം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.

















