ന്യൂഡൽഹി; കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ ഡൽഹി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഏഴ് മാസം പിന്നിടുകയാണ്.ഇതേതുടർന്ന് ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു.
കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് രാജ് ഭവനുകള്‍ ഉപരോധിക്കുന്നത്. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിരുന്നതാണ്. ദില്ലി – യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കുന്നുണ്ട്.