മുംബൈ: ബിജെപിയെ നേരിടുന്നതിനായി രൂപവത്കരിക്കുന്ന മുന്നണിയില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മൂന്നാം മുന്നണിയുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഒരു ബദല്‍ മുന്നണിയെപ്പറ്റി ചിന്തിക്കണമെങ്കില്‍, കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി മാത്രമെ അത് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പവാർ തെരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് മുതൽ കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് പവാറിന്‍റെ ശ്രമമെന്ന് അഭ്യൂഹം പരന്നിരുന്നു. അതിന് പിന്നാലെ ശരത് പവാറിന്‍റെയും യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. അതോടു കൂടി കോൺഗ്രസ് ഇതര മൂന്നാം മുന്നണി അഭ്യൂഹങ്ങൾ വീണ്ടും സജീവമായിരു്ന്നു.
യോഗത്തിൽ തന്നെ വിവിധ കക്ഷികൾ കോൺഗ്രസിനെ കൂടാതെ ഒരു ബദൽ സാധ്യമല്ലെന്ന് വ്യക്തമാക്കിരുന്നതായാണ് സൂചന. മൂന്നാം മുന്നണിക്ക് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്നും പവാര്‍ അഭിപ്രായപ്പെട്ടു. പുതിയ മുന്നണിക്ക് പവാര്‍ നേതൃത്വം നല്‍കുമോ എന്ന ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
നിലവിൽ വ്യക്തമായ ചർച്ചകളൊന്നും നടന്നില്ലെങ്കിലും 2024 പൊതുതെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വത്തിലുള്ള ശക്തമായ ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് പവാർ വ്യക്തമാക്കി.
യോഗത്തിന് ആതിഥ്യം വഹിച്ചത് പവാര്‍ ആണെങ്കിലും യോഗം വിളിച്ചത് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.