പാരിസ്: പാകിസ്ഥാന്‍ എഫ്എടിഎഫ് ‘ഗ്രേ ലിസ്റ്റില്‍’ തന്നെ തുടരും. ആഗോള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് പ്ലീനറി യോഗം വിലയിരുത്തി. എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ തുടരുമെന്നും യോഗം അറിയിച്ചു.
തീവ്രവാദത്തിന് സഹായങ്ങള്‍ ലഭിക്കുന്ന, എന്നും നിരീക്ഷണത്തിന് വിധേയമായ രാജ്യങ്ങളുടെ പട്ടികയാണ് ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ‘ഗ്രേ ലിസ്റ്റ്’. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ എഫ്എടിഎഫിന്‍റെ പുതിയ പ്രഖ്യാപനം പ്രകാരം പാകിസ്ഥാനില്‍ തന്നെ കഴിയുന്ന ഐക്യരാഷ്ട്ര സഭ ഭീകരര്‍ എന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റിയെന്നാണ് ആരോപിക്കുന്നത്.
യു. എന്‍ ആഗോള കുറ്റവാളികളായി പ്രഖ്യാപിച്ചവരുടെ മേല്‍ പാകിസ്താന്‍ അന്വേഷണവും വിചാരണയും നടത്താത്തത്തില്‍ എഫ്.എ.ടി.എഫ് ആശങ്ക അറിയിച്ചു. പാകിസ്താനിലെ സാഹചര്യങ്ങള്‍ അഴിമതിക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുമെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പ്രതികരിച്ചു.
അഞ്ചു ദിവസം നീണ്ടു നിന്ന എഫ്എടിഎഫ് പ്ലീനറി സെഷന് ശേഷമാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. പ്ലീനറി സെഷനില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പണം തീവ്രവാദ, കുറ്റകൃത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴുകുന്നതില്‍ ഗൌരവമായ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 2018ലാണ് പാകിസ്ഥാനെ പാരീസ് ആസ്ഥാനമാക്കിയുള്ള എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ പെടുത്തിയത്.