ഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ടിബറ്റ് പ്രവിശ്യയ്ക്ക് സമ്മാനമായി ലഭിക്കുന്ന റെയിൽപാത ഇന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ കരുതലോടെ ഇന്ത്യയും. ഇതേ തുടർന്ന് അരുണാചൽ അതിർത്തിയിൽ ഇന്ത്യ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി.
ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് തെക്കൻ ടിബറ്റിലെ നയിങ്ചി വരെ മലമുകളിലൂടെയും മലയിടുക്കുകളിലൂടെയും നീണ്ടുകിടക്കുന്ന പാതയിൽ 47 തുരങ്കങ്ങളും 120 പാലങ്ങളുമാണുള്ളത്. ചൈനയിലെ സീചുവാനിൽ നിന്ന് ടിബറ്റിലേക്കുള്ള പാതയുടെ ഭാഗമാണിത്.
ഇന്ത്യയുടെ അരുണാചൽ അതിർത്തിയോടു ചേർന്നുകിടക്കുന്ന ബായി പട്ടത്തിലൂടെയാണു പാത കടന്നുപോകുന്നത്. ടിബറ്റിലെ അടിസ്ഥാന വികസനത്തിന്റെ ഭാഗമാണിതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടുന്ന ഈ മലമ്പാത ചൈനീസ് എൻജിനീയറിങ് മികവിന്റെ മറ്റൊരു ഉദാഹരണമാണ്. 2014 ൽ നിർമാണമാരംഭിച്ച പാതയുടെ ഒരു സെക്‌ഷൻ മാത്രമാണിത്. 480 കോടി ഡോളർ (35,500 കോടി രൂപ) ചെലവിലാണ് പാത നിർമിക്കുന്നത്.
റെയിൽപാതയിലുടെ വൻ സൈനികവ്യൂഹങ്ങളെ ഇന്ത്യൻ അതിർത്തിയിൽ എത്തിക്കാനാവുമെന്നതിനാൽ ഈ പാത ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയായി പലരും കരുതുന്നുണ്ട്. അരുണാചൽപ്രദേശ് എന്നത് തെക്കൻ ടിബറ്റ് ആണ് എന്ന് വാദിച്ചു കൊണ്ട് ചൈന അരുണാചലിനുമേൽ നേരത്തേ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാൽ, പാത പ്രവർത്തനമാരംഭിക്കുന്നതിലൂടെ പ്രത്യക്ഷമായ സൈനിക ഭീഷണില്ലെന്നാണ് ഇന്ത്യൻ സൈനിക തന്ത്രജ്‍ഞർ പറയുന്നത്. അതിർത്തിക്കടുത്തേക്ക് സൈനികവ്യൂഹങ്ങളെ എത്തിക്കാനാവുമെങ്കിലും 1962 ലേതുപോലെ അപ്രതീക്ഷിത ആക്രമണം ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്നാണു വിലയിരുത്തൽ.
ടിബറ്റ് പ്രദേശം ഏതാണ്ട് പൂർണമായി ഇന്ത്യൻ ഉപഗ്രഹങ്ങളുടെയും ചാരവിമാനങ്ങളുടെയും നിരീക്ഷണത്തിലാണ്. ഇവിടെ എന്ത് സൈനികനീക്കം നടത്തിയാലും അത് ഉടനടി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുമെന്നും അതനുസരിച്ച് പ്രതിരോധനടപടി സ്വീകരിക്കാനാവുമെന്നും ഈ പ്രദേശത്തിന്റെ ചുമതലയുള്ള കരസേനയുടെ കിഴക്കൻ കമാൻഡിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
മാത്രമല്ല, സൈനികാക്രമണത്തിന് ചൈന നീങ്ങുകയാണെങ്കിൽ റെയിൽപാത തകർത്ത് അതു തടയാൻ വേഗത്തിൽ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. സുഖോയ്–30 വിമാനങ്ങളുടെ സ്ക്വാഡ്രണുകളും ബ്രഹ്മോസ് മിസൈലുകളും ഈ അതിർത്തിയുടെ പ്രതിരോധത്തിനായി ഇന്ത്യ നേരത്തേ തന്നെ വിന്യസിച്ചിരുന്നു. റഫാലിന്റെ ഒരു സ്ക്വാഡ്രൺ കൂടി ഈ പ്രദേശത്തെ ഹാഷിമാര താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 5 വിമാനങ്ങളാണ് ഈ സ്ക്വാഡ്രണിലുള്ളത്. ബാക്കി 13 എണ്ണം അടുത്തകൊല്ലം ആദ്യ പകുതിയിൽ എത്തുമെന്നാണു കരുതുന്നത്.