കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപ് ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്.
ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവരെ ഏത് വിധേനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖയുമുൾപ്പെടെ പരിശോധിക്കുന്നുണ്ട്.