ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും.
ഇന്നു രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒ പി ബഹിഷ്കരിക്കാനാണ് തീരുമാനം. ഇ–സഞ്ജീവനി അടക്കമുള്ള സ്പെഷാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്കരിക്കുക.
എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല.
അതേസമയം ഡോ. രാഹുൽ മാത്യുവിനെ സിവിൽ പോലീസ് ഓഫിസർ മർദിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ദിവസവും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് നിർദേശിച്ചിട്ടുണ്ട്.