തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ എം സി ജോസഫൈനെ വഴിയില്‍ തടയുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. ഒരു വിപത്തിനെ സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെച്ച സര്‍ക്കാര്‍ തിരുത്തണം. അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ ജോസഫൈനെതിരായ പ്രതിഷേധം തുടരുകയും വഴിയില്‍ തടയുകയും ചെയ്യുമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇനിയും ജോസഫൈനെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആണ് ഭാവമെങ്കില്‍ അത് സമൂഹത്തിനും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ആദ്യമായിട്ടല്ല ഇവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തില്‍ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തുന്നത്. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടാണ് അവര്‍ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും. പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കില്‍ അവര്‍ക്ക് മുന്‍പില്‍ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും സുധാകരന്‍ ചോദിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എം.സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്.
ആദ്യമായിട്ടല്ല ഇവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തില്‍ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തുന്നത്.
അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടാണ് അവര്‍ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും.
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാര്‍ട്ടി കമ്മീഷന്‍ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്ന് പറഞ്ഞ് പരിഹസിച്ചത് നമ്മള്‍ കണ്ടതാണ്.
പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കില്‍ അവര്‍ക്ക് മുന്‍പില്‍ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?
കഴിഞ്ഞ നാലര വര്‍ഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകള്‍ക്ക് മേല്‍ കെട്ടിവെച്ച സര്‍ക്കാര്‍ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ഇനിയും ജോസഫൈനെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആണ് ഭാവമെങ്കില്‍ അത് സമൂഹത്തിനും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ സര്‍ക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെ.പി.സി.സി മനസ്സിലാക്കുന്നത്.
ജോസഫൈന്‍ ഇനിയും അധികാരത്തില്‍ തുടരാന്‍ ഒരു കാരണവശാലും ഞങ്ങള്‍ അനുവദിക്കില്ല.
അധികാരത്തില്‍ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കില്‍ ഒരുപക്ഷേ അവര്‍ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളില്‍, ആ ഇടപെടല്‍ കൊണ്ട് മാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകള്‍ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മള്‍ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാര്‍ഗം എന്നതിനേക്കാള്‍ ഉപരി കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് അവരെ ജനാധിപത്യപരമായി തടയേണ്ടതുണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചത്.