ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മണ്ഡല പുനര്‍നിര്‍ണയ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ്. ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് പോലെ നിയമസഭാ തിരഞ്ഞെടുപ്പും നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്കുന്നതില് തീരുമാനമായില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മുകാശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തില്‍ ആവര്‍ത്തിച്ചുവെന്ന് മെഹബൂബ മുഫ്തിയുടെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ ഏഴ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം പറഞ്ഞു.
2019 ഓഗസ്ത് 5 നാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തത്. മുന്‍ മുഖ്യമന്ത്രിമാരെയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളിലേക്ക് കടന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നേതാക്കളെ മോചിപ്പിച്ചത്. ഇതിന് ശേഷം ആദ്യമായിട്ടാണ് കശ്മീര്‍ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തുന്നത്.