തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈനെതിരെ സംസ്ഥാന വ്യാപകപ്രതിഷേധം. നേരിട്ട ദുരനുഭവത്തെക്കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായി പെരുമാറിയ വനിതാകമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും തിരുവനന്തപുരത്ത് വനിതാകമ്മിഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വനിത കമ്മീഷന്റെ ഓഫീസിനു മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജോസഫൈന്റെ കോലം കത്തിച്ചു.
ഇടുക്കിയില്‍ കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം സ്ത്രീകളോട് മര്യാദയായി പെരുമാറാന്‍ അറിയാത്ത വനിതാകമ്മീഷന് അധ്യക്ഷയെ പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. പരാമര്‍ശം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എ.ഐ.എസ്.എഫ് പറഞ്ഞു.
ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് “എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഈ പരാമർശമാണ് വിവാദമായത്. എന്നാൽ യുവതിയോട് “അനുഭവിച്ചോ’ എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ പ്രതികരിച്ചിരുന്നു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.