കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ജസ്റ്റിസ് വികെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. ഈ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ വെളിപ്പെടുത്തൽ. നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സർക്കാർ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.
കമ്മീഷന്‍റെ പരിഗണന വിഷയം നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിറകെയാണ് കമ്മീഷൻ തെളിവുകൾ ശേഖരിക്കാൻ നടപടികൾ തുടങ്ങിയത്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.