ബെംഗളൂരു: ഉത്തര്‍പ്രദേശ് പോലിസിന്റെ സമന്‍സിനെ ചോദ്യംചെയ്ത് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി ബെംഗളൂരു ഹൈക്കോടതിയെ സമീപിച്ചു. യു പിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിച്ച സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ട്വിറ്ററിനെതിരെ യുപി പോലിസ് കേസെടുത്തത്.
കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് ട്വിറ്റര്‍ മേധാവിക്ക് യു പി പോലിസ് നല്‍കിയിരിക്കുന്ന നോട്ടീസ്. വരുന്ന തിങ്കളാഴ്ചയാണ് പോലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ യു പി പൊലിസ് നിര്‍ദേശിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാവാമെന്ന് അറിയിച്ചെങ്കിലും പോലിസ് വിസമ്മതിച്ചോടെയാണ് കോടതിയെ സമീപിച്ചത്.
അബ്ദുല്‍ സമദ് എന്ന വയോധികനെ മര്‍ദിക്കുന്ന ദൃശ്യമാണ് ട്വിറ്ററില്‍ പ്രചരിച്ചത്. ഇത് പോസ്റ്റ് ചെയ്തതിനാണ് ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ യു പി പോലിസ് കേസെടുത്തത്.