വാഷിങ്ടണ്‍: ചൈനീസ് വാക്‌സിനുകള്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വർധിക്കുന്നു .മംഗോളിയ, സീഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വീണ്ടും ശക്തിപ്രാപിക്കുന്നത്. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.വാക്‌സിനുകള്‍ അത്ര മികച്ചതായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ഫലം വരില്ലായിരുന്നുവെന്ന് ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ജിന്‍ ഡോങ്യാന്‍ പറയുന്നു.
ചൈന തദ്ദേശീയമായി നിർമ്മിച്ച വാക്‌സിനായ സിനോഫാമാണ് മിക്ക രാജ്യങ്ങളിലും ഉപയോഗിച്ചത്. ലോകത്താകമാനം 90 ഓളം രാജ്യങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാൻ ചൈനീസ് നിർമ്മിത വാക്‌സിൻ ഉപയോഗിക്കുന്നത്. ചൈനയിലെ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ തന്നെ ചൈനീസ് ശാസ്ത്രജ്ഞർ വാക്സിൻ നിർമ്മാണത്തിൽ മുഴുകിയിരുന്നു. എന്നാൽ വാക്സിൻ വില്പനയിൽ മറ്റു രാജ്യങ്ങളെക്കാൾ മുന്നിലെത്താൻ വാക്‌സിന്റെ ഫലപ്രാപ്തി പോലും ഉറപ്പു വരുത്താതെയാണ് ചൈനീസ് സർക്കാർ വാക്സിൻ വിതരണം ആരംഭിച്ചതെന്ന് ആരോപണമുയർന്നിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ ചൈനീസ് വാക്സിൻ സ്വീകരിച്ച മറ്റു രാജ്യങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങൾ.