റിയോ ഡി ജെനീറോ: കോപ അമേരിക്കയില്‍ കൊളംബിയയെ തകർത്ത് ബ്രസീൽ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വിജയം കൈക്കലാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇരു ടീമും കൊമ്പുകോര്‍ത്തത്. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ 78ാം മിനിറ്റുവരെയും പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീലിന്റെ തിരിച്ചുവരവ്. ബ്രസീലിനായി ഫിര്‍മിനോ, കാസിമെറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ലൂയിസ് ഡയസാണ് കൊളംബിയയുടെ സ്‌കോറര്‍.
77-ാം മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന ബ്രസീല്‍ 78-ാം മിനിറ്റിലെ വിവാദ ഗോളിലാണ് സമനില പിടിച്ചത്. റെനന്‍ ലോഡിയുടെ ക്രോസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. ഫിര്‍മിനോയുടെ ഹെഡര്‍ കൊളംബിയന്‍ ഗോളി ഒസ്പിനയുടെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു.ഈ ഗോളിനായുള്ള മുന്നേറ്റത്തിനിടെ കൊളംബിയന്‍ ബോക്‌സിനടുത്ത് വെച്ച് നെയ്മര്‍ അടിച്ച പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതുകണ്ട കൊളംബിയന്‍ താരങ്ങള്‍ ഫൗള്‍ വിസിലിന് കാത്തു. പക്ഷേ കളി തുടരാനായിരുന്നു റഫറിയുടെ സിഗ്നല്‍. ഈ അവസരം മുതലെടുത്താണ് ബ്രസീല്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്.