സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ന്യൂസീലന്‍ഡ്. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ കന്നി കിരീടജയം. ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.
രണ്ടിന്നിങ്സിലുമായി ഒരൊറ്റ ബാറ്റ്സ്മാന്‍ പോലും അര്‍ധശതകം തികയ്ക്കാത്ത മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
53 ഓവറിൽ 139 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിനായി ഓപ്പണർമാരായ ടോം ലാതവും ഡെവോൺ കോൺവേയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 33 റൺസാണ് കണ്ടെത്തിയത്. ലാതമിനെ (9) പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. അശ്വിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനൊരുങ്ങിയ ലാതമിനെ പന്ത് സ്റ്റമ്പ് ചെയ്യുകയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ കോൺവേയും മടങ്ങി. 19 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച വില്ല്യംസണും ടെയ്‌ലറും ടീമിൽ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരങ്ങളെന്ന സ്ഥാനം കൃത്യമായി അരക്കിട്ടുറപ്പിച്ചു. വിജയലക്ഷ്യത്തിലേക്ക് 6 റൺസ് മാത്രം ആവശ്യമായിരിക്കെ വില്ല്യംസൺ ഫിഫ്റ്റി നേടി. 46ആം ഓവറിൽ അഞ്ചാം പന്തിൽ മുഹമ്മദ് ഷമിക്കെതിരെ ബൗണ്ടറി നേടിയ റോസ് ടെയ്‌ലറാണ് കിവീസിനെ വിജയതീരമണച്ചത്.