തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വത്തിന് കീഴില്‍ വലിയ അഴിച്ചുപണിക്കൊരുങ്ങി കെപിസിസി. പാര്‍ട്ടിയില്‍ ജംബോ കമ്മിറ്റി വേണ്ടെന്ന് ഇന്നുചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ തത്വത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ നേതാക്കളെല്ലാം ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 51 അംഗ കമ്മിറ്റി മതിയെന്ന് യോഗത്തില്‍ കെ സുധാകരന്‍ പറഞ്ഞു. ഭാരവാഹികള്‍ ഇതില്‍ കൂടാന്‍ പാടില്ല. എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് മെരിറ്റ് അടിസ്ഥാനത്തിലാകുമെന്നും സുധാകരന്‍ നിലപാട് വ്യക്തമാക്കി.
അതേസമയം യോഗത്തില്‍ കെ.മുരളീധരന്‍ എം.പി പങ്കെടുത്തില്ല. യോഗം മുരളീധരന് ബഹിഷ്കരിച്ചുവെന്നാണ് സൂചന. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഇന്നു രാവിലെ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ മുരളീധരന് ക്ഷണമുണ്ടായിരുന്നില്ല.
അതേസമയം, ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കരുതെന്ന് പി.ജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍വാഹക സമിതിയിലെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറക്കാനാകുമോയെന്ന് വി.എം സുധീരന്‍ ചോദിച്ചു.
ഇന്നത്തെ രാഷ്ട്രീയകാര്യസമിതിയില്‍ പുനസംഘടനയാണ് പ്രധാന അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.