ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സീന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരും. ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.
ലോകാരോഗ്യ സംഘടന കൊവാക്സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂർണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി.
പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ഇന്ന് രജിസ്ട്രേഷന്‍ തുടങ്ങി. സെപ്തംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു. കൊവിഡ് ആദ്യ തരംഗത്തില്‍ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 60 വയസ് കഴിഞ്ഞവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളില്‍ തുടരണം എന്നായിരുന്നു നിര്‍ദ്ദേശം. 60 വയസ്സിന് മുകളിലുള്ള 50 ശതമാനം പേര്‍ക്ക് വാക്സീന്‍ ഒരു ഡോസെങ്കിലും നല്‍കിയ പശ്ചാത്തലത്തിലാണ് ഇതില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിക്കുന്നത്.
രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ച 60 കഴിഞ്ഞവര്‍ക്ക് പുറത്തിറങ്ങാം. ആള്‍ക്കൂട്ടങ്ങളില്‍ പോകുന്നത് കുറയ്ക്കണം. എന്നാല്‍ പതിവ് നടപ്പിനുള്‍പ്പടെ തടസ്സമില്ല. ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്നു കോടി പിന്നിട്ടു. ഇന്നലെ പ്രതിദിന കേസുകള്‍ 42000 ആയി താഴ്ന്നെങ്കിലും ഇന്നത് വീണ്ടും 50000ത്തിന് മുകളിലെത്തി. കൊവാക്സീന്‍ എടുത്തവര്‍ക്ക് പല വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഇപ്പോഴും അനുമതി ആയിട്ടില്ല.