കൊച്ചി: വിവാദമായ മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് പോകൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവ് തുടരന്വേഷണത്തെ ബാധിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
ഹർജിയിൽ അടുത്ത മാസം വാദം കേട്ടാൽ പോരെ എന്ന് കോടതി ചോദിച്ചു. വേഗം തീർപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
അതേസമയം സർക്കാർ ഉത്തരവ് അനുസരിച്ച് മാത്രമാണ് മരം മുറിച്ചതെന്നും ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് തങ്ങളെ വേട്ടയാടുകയാണെന്നും ഹർജിക്കാർ കോടതിയിൽ ആരോപിച്ചു. 600 കോടിയുടെ ഈട്ടി മരങ്ങൾ വയനാട്ടിൽ നിന്ന് മുറിച്ചുകടത്തിയിട്ടുണ്ടെന്ന് ഹർജിക്കാർ ഇന്ന് വാദിച്ചു. കടത്തിയത് ആരാണെന്ന് വിശദമായ വാദത്തിൽ പറയാമെന്നും അവർ വ്യക്തമാക്കി.
അതേസമയം വയനാട്ടില്‍ നഷ്ടമായ ഈട്ടിമരങ്ങളെല്ലാം പിടികൂടിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും മുട്ടില്‍ സൗത്ത് വില്ലേജിൽ മാത്രം കൊള്ളക്കാര്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ മരങ്ങളാണ്. പൊന്തക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മരങ്ങള്‍ പിടികൂടാനോ, മുറിച്ചതിന് കേസെടുക്കാനോ ഉദ്യോഗസ്ഥര്‍ ഇതുവരെ തയാറായിട്ടില്ല.