സാക്ഷര കേരളമേ നാണിച്ചു തല കുനിക്കുക. ഗാർഹിക പീഡനക്കേസുകളിൽ ഒന്നാം സ്ഥാനത്തായ കേരളം. സ്ത്രീധന നിരോധന നിയമവും ഗാർഹികാതിക്രമത്തിനെതിരായ നിയമവും നിലവിലുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല അവസ്ഥ. സ്ത്രീധനത്തിന്റെ പേരിൽ സ്വയം ജീവിതം അവസാനിപ്പിക്കുന്ന പെൺകുട്ടികൾ. നാണിക്കുക. സ്ത്രീധനപീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രം ഇതിനെതിരെ ശബ്ദമുയർത്തുന്ന എല്ലാവരും നാണിച്ചു തല കുനിക്കുക.
സ്ത്രീധന–ഗാർഹിക പീഡനങ്ങൾക്ക് ഇരയായി മരിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. പരാതികളുമായി മുന്നോട്ടുവരാനുള്ള ശക്തി ഇന്നും നമ്മുടെ സ്ത്രീകൾക്കില്ല. എന്നാൽ 2 വീട്ടുകാരും കൂടി കരാർ ചെയ്യുന്ന കുരുക്കിൽ ജീവിതം അവസാനിപ്പിക്കാൻ ഉള്ളതാണോ പെൺകുട്ടികളുടെ ജീവിതങ്ങൾ. ഭർത്താവിന്റെ വീടുകളിൽ സുരക്ഷിതമല്ലാത്തതു കൊണ്ട് നഷ്‌ടമായ ജീവനുകൾ സാംസ്‌കാരിക കേരളത്തിന് അപമാനം കൂടിയാണ്.
നമുക്കറിയാം കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മരണമാണ് വിസ്മയ വി.നായരുടെത്. സ്ത്രീധന പീഡനത്തിന്റെ വലിയ ഒരു ഇര കൂടിയാണ് ബിഎഎംഎസ് വിദ്യാർഥിനിയും നിലമേൽ സ്വദേശിനിയുമായ വിസ്മയ. ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുപത്തിനാലുകാരിയായ വിസ്മയ. ഭർത്താവിന്റെ പീഡനം മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന വിസ്മയയുടേത് യഥാർത്ഥത്തിൽ ആത്മഹത്യയല്ല. നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ മൂലം നേരിട്ടല്ലാതെയുള്ള കൊലപാതമാണ്. അല്ലെങ്കിൽ കൊലപാതകത്തിന് തുല്യമായ ആത്മഹത്യ. കൊലപാതകത്തിന്റെ അത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോയ ആത്മഹത്യ തന്നെയാണ് വിസ്‌മയുടേത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. നൂറുപവനും 10 ലക്ഷത്തിന്റെ കാറിനും വസ്തുക്കൾക്കും എന്നല്ല ഒന്നിനും നികത്താനാകാത്ത വിടവാണ് വിസ്മയ തന്റെ മരണത്തിലൂടെ കാട്ടി തന്നത്. പഠിക്കാനുള്ള ആഗ്രഹം കൂടി ബാക്കി വെച്ചാണ് അവൾ പോയത്.
ഈ അടുത്തകാലം വരെയും കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു പാമ്പിനെ കൊണ്ട് സ്വന്തം ഭാര്യയെ കടിപ്പിച്ചു കൊന്നത്. ഉത്ര എന്ന പെൺകുട്ടിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതും ഇതേ പണത്തിന്റെ ആർത്തി കൊണ്ട് തന്നെ. പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് ഭർത്താവ് സൂരജാണെന്ന കേസും ഇപ്പോൾ നടക്കുകയാണ്. ഉത്രയുടെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെയാണ് വിസ്മയയുടെ മരണവർത്തയും. കൊലപാതകവും ആത്ഹത്യയുമാണ് 2 മരണമെങ്കിലും ഇതിന്റെ രണ്ടിന്റെ കാരണങ്ങൾ ഒന്ന് തന്നെ. സ്ത്രീധന പീഡനം. കേരളത്തിൽ സ്ത്രീധന–ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന ആയിരക്കണക്കിനു പെൺകുട്ടികളുടെ പ്രതീകങ്ങളിലെ 2 പേർ മാത്രമാണിവർ.
ഇത്തരത്തിൽ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നത് തന്നെ സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾക്ക് നിയമ പിന്തുണ കിട്ടാത്തതിന്നാലും അത് ശക്തമായി ഉപയോഗിക്കാൻ കഴിയാത്തതിനാലുമാണ്. ഇതിന്റെ പേരിൽ ഒരു മരണം സംഭവിക്കുമ്പോൾ മാത്രമാണ് പൊടി പിടിച്ചു കിടക്കുന്ന നിയമസംവിധാനങ്ങൾ കുറച്ചു ദിവസത്തേക്കെങ്കിലും ശബ്‌ദിക്കുന്നത്. സ്ത്രീധന പീഡനം സംബന്ധിച്ച പരാതികളിൽ ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള ശിക്ഷകൾ കൊണ്ടുവരണം. പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും മനസ്സു തുറക്കാനും പരാതിപ്പെടാനും സംവിധാനമുണ്ടെങ്കിലും അത് കാര്യമായി ആരും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. കുടുംബകോടതി പോലുള്ള സംവിധാനങ്ങൾ സ്ത്രീ സൗഹൃദപരമാണെങ്കിലും . എന്നാൽ, ഒരു ലക്ഷം കേസുകളാണ് ഇവിടെ തീർപ്പാകാതെ കിടക്കുന്നത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം സ്ത്രീകൾക്ക് കനത്ത മാനസിക സമ്മർദങ്ങൾ ഉണ്ടാക്കുന്നുണ്ട്.
കല്യാണം കഴിഞ്ഞു പലപ്പോഴും പെൺകുട്ടികൾക്ക് തിരികെ പോകാൻ സ്വന്തമായി വീടില്ല എന്ന കാരണങ്ങൾ കൊണ്ടാണ് എന്തെങ്കിലും സ്ത്രീധന ഗാർഹിക ഉണ്ടായാൽ തന്നെ അവർ അത് സഹിക്കുന്നത്. ഈ സഹിക്കാൻ പരിധി വിടുമ്പോൾ ആണ് ആത്മഹത്യയും കൊലപാതകവും ആയി മാറുന്നത്. മരുമക്കത്തായ കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം വീടുകളിൽ ഒരു ഇടം ഉണ്ടായിരുന്നു. മക്കത്തായ സമ്പ്രദായം വന്നതോടെ അതുമാറി. ഭർത്താവിന്റെ വീട്ടിൽ അവർ പലപ്പോഴും രണ്ടാംതരക്കാരണ്. അവരുടെ വരുമാനവും സ്വത്തും ഭർത്താവിന്റെയോ ഭർതൃ വീട്ടുകാരുടെയോ ആകുന്നു. ഇങ്ങനെ സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും നിശബ്ദമാകുന്നുമുണ്ട്. ഇത്തരത്തിൽ നേരിടുന്ന പീഡനങ്ങളിൽ നിന്ന് പുറത്തേക്കു വരുന്ന സ്ത്രീകൾക്ക് സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ സുരക്ഷിതമായ സ്ഥലം വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് ഇടകലർന്നു പ്രവർത്തിക്കാനുള്ള തൊഴിൽ ഇടങ്ങൾ ആണ് അതാവശ്യം.
ജീവിതകാലം മുഴുവൻ കഷ്ട്ടപെട്ട സമ്പാദ്യം മുഴുവർ സ്ത്രീധനം എന്ന പേരിൽ ഉയർന്ന ജോലിയുള്ളവരെ തേടി പിടിച്ച് കെട്ടിച്ചു കൊടുക്കുമ്പോൾ അവിടങ്ങളിൽ അവർ സുരക്ഷിതരാണോ എന്ന് മാതാപിതാക്കൾ അന്വേഷിക്കണം. പെൺകുട്ടികളെ വളർത്തുന്നത് കല്യണം കഴിപ്പിച്ചയക്കുവാനാണെന്നും അതോടെ ബാധ്യത തീരുമെന്നുമുള്ള പഴഞ്ചൻ ചിന്താഗതിയുള്ള മാതാപിതാക്കൾ ജീവിച്ചു കൊതിതീരാത്ത മക്കളുടെ മരണത്തിനാണ് സാക്ഷികളാകുക. പെൺമക്കൾക്ക് കൊടുക്കേണ്ട സ്ത്രീധനത്തിനായി സ്വരുക്കൂട്ടി വെയ്ക്കുന്ന പണം അവരുടെ പഠനത്തിനും തൊഴിലിനും ഉപയോഗിക്കാൻ മാതാപിതാക്കൾ ഇനിയും ശ്രെമിക്കണം. അങ്ങനെയെങ്കിൽ അതിലൂടെ കിട്ടുന്ന മാനസികമായും ആശയപരമായിട്ടുള്ള പക്വത പെൺകുട്ടിക്ക് പിന്നീട് സ്വയം ജീവിതം തെരഞ്ഞെടുക്കാനും ഒരുപക്ഷെ എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ആത്മഹത്യക്ക് ശ്രെമിക്കാതെ പക്വതയോടെ അതിജീവിക്കാൻ കഴിയും.