കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്കും സംഗീതഞ്‌ജർക്കും കൈത്താങ്ങാകാൻ വേണ്ടി സംഗീത റിയാലിറ്റി ഷോ നടത്താനൊരുങ്ങി ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്‌സ് . ‘Femu Voice Hunt‘. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ഓൺലൈനിൽ ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംഗീത സംവിധായകരുടെ സംഘടന പുതിയ ഗായകർക്കായി ഒരു മത്സരം നടത്തുന്നത് ഇതാദ്യമായിട്ടാണ്. 2021 മെയ് 10-ന് മലയാളത്തിന്റെ സ്വന്തം മഹാനടൻ ശ്രീ. മോഹൻലാൽ ഇതിന്റെ ലോഗോ പ്രകാശനം ചെയ്തു.
യുവ നായകന്മാരായ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് ഈ സംഗീത മാമാങ്കം ലോകത്തിന് സമർപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളി ഗായകർക്കായി വിവിധ പ്രായപരിധികളിലായി പ്രത്യേക വിഭാഗങ്ങൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. ‘Femu Voice Hunt’ ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ജൂൺ 30-ന് മുൻപായി ഇഷ്ട ഗാനം പാടിയ ഒരു വീഡിയോ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ‘ Femu Voice Hunt ‘ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. പല പ്രായത്തിലുള്ള മികച്ച ഗായകർക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാർഡുകളും പ്രശസ്ത സംഗീത സംവിധായകരുടെ സിനിമകളിൽ പാടുന്നതിനുള്ള അവസരങ്ങളും നൽകുന്നു. ഇതോടൊപ്പം ഫെമു രൂപീകരിക്കുന്ന വോയ്‌സ് ലൈബ്രറിയിൽ വ്യത്യസ്തമായതും നിലവാരമുള്ളതുമായ ഗായകരുടെ ശബ്ദങ്ങൾ തിരഞ്ഞെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഈ റിയാലിയറ്റി ഷോയുടെ പ്രത്യേകത.
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകരിലൂടെ ഇവർക്ക് ധാരാളം അവസരമൊരുങ്ങും. ഇതിലൂടെ സമാഹരിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കലാകാരന്മാരുടേയും സംഗീതസംവിധായകരുടേയും ക്ഷേമ-കാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഫെമുവിന്റെ പ്രസിഡന്റ് ശ്രീ.രാഹുൽരാജും സെക്രട്ടറി ശ്രീ.റോണി റാഫേലും അറിയിച്ചു. Red FM 93.5 റിയാലിറ്റിഷോയുടെ ഔദ്യോഗിക റേഡിയോ പാർട്നറും സത്യം ഓഡിയോസ് മ്യൂസിക് പാർട്നറുമാണ്.