ന്യൂഡല്‍ഹി: അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസര്‍ ഇന്ത്യയില്‍ ഉപയോഗാനുമതിക്കായുള്ള അന്തിമഘട്ടത്തിലാണെന്ന് സി.ഇ.ഒ ആല്‍ബര്‍ട്ട് ബോര്‍ല. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 15-ാമത് ബയോഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയത്തിന്റെ നട്ടെല്ലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും. എന്നാല്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നു നിര്‍മാണ രംഗത്തെ അതികായരായ ഫൈസര്‍, ജര്‍മന്‍ കമ്ബനിയായ ബയേണ്‍ടെകുമായി ചേര്‍ന്നാണ് തങ്ങളുടെ വാക്‌സിന്‍ വികസിപ്പിച്ചത്. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായതായി കമ്ബനി അവകാശപ്പെടുന്നു.
ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അവയുടെ വാക്‌സിന് ഇന്ത്യയില്‍ വേഗത്തില്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.