വാങ്ങുന്നവരും കൊടുക്കുന്നവരും പെൺകുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന മരണ വാറന്റാണ് സ്ത്രീധനമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഈ കഴിഞ്ഞ തിങ്കളാഴ്ച കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യാ ചെയ്ത വിസ്മയയുടെ വീട് യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കുന്ന ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് എംഎൽഎയുടെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഇനിയൊരു വിസ്മയ ഉണ്ടാകാതിരിക്കാൻ ഹാഷ്ടാഗുകൾ പോരെന്നും ഉറച്ച തീരുമാനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശബരീനാഥനും പ്രേംരാജും, ഏ.ആർ നിഷാദ് രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങി യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് വിസ്മയുടെ വീട് സന്ദർശിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം,
സ്ത്രീധനം മരണ വാറന്റാണ് .
വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റ് .
അതിന്റെ പേരിൽ കല്ല്യാണം കഴിച്ച് വരുന്ന പെൺകുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്റെ തുടക്കമാണ് .
ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിൻ പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്.
നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്റെ ഉറപ്പ്
സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അർഹതയില്ലെന്ന പെൺകുട്ടിയുടെ ഉറപ്പ്
അവന് മകളെ കൊടുക്കില്ലെന്നും തന്റെ വീട്ടിലെ ആൺകുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ്
നിങ്ങളുടെ ജീവന്‍ ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുന്നിൽ ഹോമിക്കാനുള്ളതല്ല എന്ന പെൺകുട്ടികളുടെ ഉറപ്പ് .
യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റും. യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശബരീനാഥനും പ്രേംരാജും, ഏ.ആർ നിഷാദ് രാഹുല്‍ മാങ്കൂട്ടത്തിൽ തുടങ്ങി യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകർ വിസ്മയുടെ വീട് സന്ദർശിച്ചു .