റിയോ ഡി ജനീറോ:കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ പരാഗ്വേയ്ക്കെതിരെ അർജന്റീനക്ക് ജയം ഏകപക്ഷീയമായ ഒറു ഗോളിനായിരുന്നു പരാഗ്വയ്ക്കെതിരെ അർജന്‍റീനയുടെ ജയം. പത്താംമിനുറ്റിൽ പാപ്പു ഗോമസ് ആണ് അർജന്‍റീനയുടെ വിജയ ഗോൾ നേടിയത്.മെസി തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസിയില്‍ നിന്ന് പന്ത് ലഭിച്ച ഏയ്ഞ്ചല്‍ ഡി മരിയയുടെ അളന്നുമുറിച്ച പാസ് ഗോമസ് കൃത്യമായി ഫിനിഷ് ചെയ്തു. മത്സരത്തിൽ പാരഗ്വായ്ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി.
ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അർജന്‍റീന ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂൺ 29നാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. മെസ്സി അഗ്യൂറോ, ഡിമരിയ എന്നിവരെ ഒന്നിച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു അർജന്‍റീന ഇറങ്ങിയത്.
തോൽവി അറിയാതെ പതിനാറാം മത്സരമാണ് പരാഗ്വേയ്ക്കെതിരെ അർജന്റീന പൂർത്തിയാക്കിയത്. പരസ്പരം മത്സരിച്ച കഴിഞ്ഞ അഞ്ച് കളികളിൽ അർജന്റീനക്കെതിരെ പരാഗ്വേയുടെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീന കഴിഞ്ഞ മത്സരത്തിൽ യുറുഗ്വേയെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് മറികടന്നത്.