കൊല്ലം; ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അസിസ്റ്റൻഡ് മോട്ടോര്‍ വെഹിക്കിൾ ഇന്സ്പെടര് ആയ കിരണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്കി.വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. കിരണിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം കിരണിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.