തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.
സാധാരണഗതിയിൽ കോവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. ഈ യോഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. സംസ്ഥാനത്ത് ടിപിആർ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കൊവിഡ് അവലോകന യോഗം ചേരാൻ തീരുമാനമായത്.
ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടിപിആർ നിരക്ക്. 9.63 ആയിരുന്നു ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. ടിപിആർ ഉയർന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു.
സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ഇപ്പോൾ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുള്ളത്. അത് നാളെ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രഖ്യാപിച്ചേക്കും. ആരാധനാലയങ്ങൾ ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയേക്കുമെന്നാണ് സൂചന. കൂടാതെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും. തിയേറ്ററുകളും ഷോപ്പിംഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യത കുറവാണ്.