ന്യൂഡൽഹി: ദേശീയതലത്തിൽ ബിജെപി – കോൺഗ്രസ് ഇതര സഖ്യത്തിന് നീക്കം ശക്തമാകുന്നതായി റിപ്പോർട്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. ഇതിന്റെ ഭാഗമായി 12 ഓളം പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ശരത് പവാർ നാളെ ചർച്ച നടത്തും. ശരത് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് യോഗം.
പ്രശാന്ത് കിഷോർ -ശരത് പവർ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഉണ്ടാക്കാനാണ് ശ്രമം. ടിഎംസി നേതാവ് യശ്വന്ത് സിൻഹയുടെ നേതൃത്വത്തിൽ ആരംഭിച്ച രാഷ്ട്ര മഞ്ചാണ് പ്രതിപക്ഷ യോഗം വിളിച്ചത്. എൻസിപി, സമാജ്‌വാദി പാർട്ടി, ടിഎംസി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
രാഷ്ട്ര മഞ്ചിൽ നിന്നും ക്ഷണം ലഭിച്ചതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും രാജ പ്രതികരിച്ചു. അതേസമയം, യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സഖ്യനീക്കത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും യെച്ചൂരി വ്യക്തമാക്കി.