കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സൂചന.അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത്. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് ഈ സംഘമെന്നാണ് പൊലീസ് കരുതുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.തുടര്‍ന്ന് മരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്.