ബെയ്ജിങ്: ചൈനയില്‍ 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വരെ ചൈനയില്‍ കോവിഡ് വാക്‌സിന്റെ 1,01,04,89,000 ഡോസുകളാണ് കുത്തിവച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ (എന്‍എച്ച്‌സി) പ്രസ്താവനയില്‍ അറിയിച്ചു.
18 വയസിന് താഴെയുള്ളവരിലും ചൈന വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. സിനോഫാം, സിനോവാക് വാക്‌സിനുകളാണ് ചൈന കൗമാരക്കാരില്‍ കുത്തിവെക്കുന്നത്.
ലോകം മുഴുവന്‍ ഇതുവരെ കുത്തിവെക്കപ്പെട്ടത് കോവിഡ് വാക്‌സിന്റെ 250 കോടി ഡോസുകളാണ്. ഇതിന്റെ 40 ശതമാനം കുത്തിവെപ്പുകളാണ് ചൈനയില്‍ മാത്രം നടത്തിയത്. ഇതില്‍ 10 കോടി ഡോസുകള്‍ ശനിയാഴ്ചയ്ക്ക് മുമ്പുള്ള അഞ്ച് ദിവസംകൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്ന് എന്‍എച്ച്‌സിയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
10 ലക്ഷം ഡോസുകള്‍ എന്ന നേട്ടം ചൈന കൈവരിച്ചത് മാര്‍ച്ച് 27 നാണ്. അമേരിക്ക ഈ നേട്ടം കൈവരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം. എന്നാല്‍ മെയ് മാസത്തോടെ ചൈനയുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. 50 കോടി ഡോസുകളാണ് കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയത്.