സംസ്ഥാനത്തെ ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും .തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.