ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 72കാരനായ വയോധികനെ മര്‍ദിച്ച കേസിലെ പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. ആഗസ്റ്റ് 17 വരെയാണ് ഗാസിയാബാദ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ ഒമ്പത് പ്രതികളിൽ എട്ടുപേരെ മോചിപ്പിച്ചതായി ലോനി ബോര്‍ഡര്‍ പൊലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. അബ്ദുസമദ് സൈഫിയെന്ന വയോധികനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിച്ച വയോധികന്റെ താടിയും പ്രതികള്‍ മുറിച്ചുമാറ്റിയിരുന്നു.
എന്നാല്‍, ആക്രമണത്തിന് സാമുദായിക വശമില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. മാത്രമല്ല, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്റര്‍ മേധാവി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ യു.പി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാമുദായിക സ്പര്‍ദ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കേസ്.