വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശം അയച്ചതിന് തടവിലായിരുന്ന അഭിഭാഷകന് ജാമ്യം

ഭോപാല്‍: വനിതാ ജഡ്ജിക്ക് അശ്ലീല സന്ദേശം അയച്ചതിന് നാലു മാസമായി തടവിലായിരുന്ന അഭിഭാഷകന് ജാമ്യം. വിജയ് സിങ് യാദവ് എന്ന അഭിഭാഷകനാണ് മധ്യപ്രദേശ് ഹൈകോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. രത്‌ലം നഗരത്തിലെ വനിതാ ജഡ്ജിക്ക് അവരുടെ ജന്മദിനത്തിലാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്. 

ജഡ്ജിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലേക്കായിരുന്നു സന്ദേശം. കൂടാതെ, ജഡ്ജിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഡൗണ്‍ലേഡ് ചെയ്ത് ഗ്രീറ്റിങ് കാര്‍ഡും ഇയാള്‍ തയാറാക്കിയിരുന്നു.

വനിതാ ജഡ്ജിയെ നേരിട്ടോ അല്ലാതെയോ സമീപിക്കുകയോ പിന്തുടരുകയോ ചെയ്താല്‍ ജാമ്യം റദ്ദാക്കുമെന്ന് ജാമ്യ അപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുബോധ് അഭയങ്കര്‍ മുന്നറിയിപ്പ് നല്‍കി.