തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ സുധാകരന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയാണ്. രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. കോൺഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായുള്ള വാക്കുകളാണ് കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എന്നും വിജയരാഘവൻ പ്രതികരിച്ചു.
കുറച്ച് ദിവസമായി കെപിസിസി അധ്യക്ഷന്റെ വികട ഭാഷണം കേൾക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനായി നിയമിച്ചവർ ആണ് ഇതിന് മറുപടി പറയേണ്ടത് എന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.
അതേസമയം, മുഖമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് കെ സുധാകരൻ ഇന്ന് മറുപടി നൽകും. മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻറെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്ന് പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ വാർത്ത സമ്മേളനം വിളിച്ച് മറുപടി നൽകും എന്നാണ് സുധാകരൻ ഇന്നലെ വ്യക്തമാക്കിയത്.