ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖ സിങ് അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ഭാര്യയും ഇന്ത്യൻ വോളിബാൾ ടീമിന്‍റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്‍റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മിൽഖ സിങിന്‍റെ വിടവാങ്ങൽ.
ജൂൺ മൂന്നിനാണ് മിൽഖാ സിംഗിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ചണ്ഡിഗഡിലെ പി.ജി.ഐ.എം ഇ.ആർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിക്കുന്നത്. പിന്നീട് കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു. പിതാവിന്റെ മരണം മകൻ ജീവ് മിൽഖാ സിംഗ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.
‘പറക്കും സിങ്’ എന്ന പേരിലറിയപ്പെടുന്ന മിൽഖ ഇപ്പോൾ പാകിസ്താനിന്റെ ഭാഗമായ ഗോബിന്ദ്പുരയിലാണ് ജനിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യത്തെ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റ് എന്ന ബഹുമതി അദ്ദേഹം 1958ൽ കാർഡിഫിൽ സ്വന്തമാക്കി. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഡിസ്കസ്ത്രോയിൽ കൃഷ്ണ പൂനിയ സ്വർണം നേടുന്നത് വരെ അരനൂറ്റാണ്ടോളം അദ്ദേഹം മാത്രമായിരുന്നു ഇന്ത്യയുടെ ഏക കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവ്.ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്.