ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ഉമ്മ കദീജക്കുട്ടി (90) അന്തരിച്ചു. മലപ്പുറം വേങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഉമ്മയെ കാണാന്‍ സിദ്ധിഖ് കാപ്പന് ഫെബ്രുവരിയില്‍ എത്തിയിരുന്നു. അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ചുദിവസത്തെ ജാമ്യമാണു സുപ്രീം കോടതി ഫെബ്രുവരി 15ന് അനുവദിച്ചത്.കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മാതാവിന്റെ ആരോഗ്യം ദിനം പ്രതി മോശമായിവരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയത്തെല്ലാം മകന്‍ സിദ്ദിഖ് കാപ്പനെ അന്വേഷിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.ജാമ്യം ലഭിച്ചതിനെ തുടർന്ന് കാപ്പന്‍ ഉമ്മയെ കാണാന്‍ എത്തിയിരുന്നു. മാതാവിനെയല്ലാതെ മറ്റാരെയും കാണാന്‍ അന്ന് അനുവാദമുണ്ടായിരുന്നില്ല. മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

















