മേയറായി ചുമതലയേറ്റ അന്ന് മുതൽ ആര്യ കേൾക്കുന്ന ആരോപണമാണ് പ്രായത്തിന്റെ പേരിൽ ഉള്ള പരിഹാസം. ഇപ്പോൾ അതിനെല്ലാം ഉള്ള മറുപടി കൊടുത്തിരിക്കുകയാണ് മേയർ ആര്യ. എ.കെ.ജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തോട് കൂടി അതിനുള്ള മറുപടി തന്നെ കളിയാക്കുന്നവർക്ക് എല്ലാവർക്കുമായി നൽകിയിരിക്കുകയാണ് മേയർ. കൗണ്‍സില്‍ യോഗത്തില്‍ ആണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ മറുപടി നൽകിയിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശൂചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മേയറുടെ പ്രതികരണം.
എകെജി സെന്ററിലെ എല്‍കെജി കുട്ടിക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍ എന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് പറഞ്ഞത്. തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചി കാണുന്നില്ലെന്നായിരുന്നു അജിത്തിന്റെ ആരോപണം. നഗരസഭ 70 ലക്ഷത്തോളം രൂപമുടക്കി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ കാണാനില്ലെന്നും, ചോദിക്കുമ്പോള്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നും അജിത്ത് ഫേസ്ബുക്കിലൂടെയായിരുന്നു പരാമര്‍ശിച്ചത്.
ആരും ഓടിളക്കി വന്നതല്ലെന്നും തന്റെ പക്വത അളക്കാന്‍ വരേണ്ടെന്നുമാണ് ആര്യ പറഞ്ഞത്.”ഈ സമൂഹത്തിലുള്ളവര്‍ക്ക് ചില തെറ്റിധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചു വന്നവരാണെന്ന്. എന്നാല്‍ ഞാൻ വ്യക്തമായി പറയട്ടെ , ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. അതിനു വേണ്ടിയിട്ടുള്ള സംവിധാനത്തിലൂടെയാണ് ഞാൻ വളർന്ന് വന്നിട്ടുള്ളത്. എന്റെ പക്വത അളക്കാന്‍ നിങ്ങളായിട്ടുമില്ല” എന്നാണ് മേയര്‍ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് കൊടുത്ത മറുപടി.

















