കുംഭമേളയില്‍ വ്യാജ കോവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍. ഡൽഹി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസ് എന്ന സ്വകാര്യ ഏജന്‍സിയ്ക്കെതിരെയാണ് എഫ്ഐആര്‍.
രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കോവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കോവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 3.8 കോടി രൂപയുടെ ബില്ലാണ് കോവിഡ് പരിശോധനയ്ക്കായി ചെലവായതെന്നായിരുന്നു സ്വകാര്യ ഏജന്‍സ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന് നല്‍കിയ കണക്കില്‍ വിശദമാക്കുന്നത്.
ഹിസാറിലെ നാള്‍വ ലാബോട്ടറീസിന്‍റെ പേരിലായിരുന്നു ഈ ബില്ല്. എന്നാല്‍ നാള്‍വ ലാബില്‍ നിന്ന് ആരും കുംഭമേളയില്‍ കോവിഡ് പരിശോധനയ്ക്ക് പോയിട്ടില്ലെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ ഡോ. ജെ പി നള്‍വ വിശദമാക്കിയത്. മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസുമായി ബന്ധമില്ലെന്നും നള്‍വ ലാബ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വകാര്യ ലാബുകള്‍ക്കെതിരെ കേസ് എടുത്തത്.
ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് കെ ഝായുടെ പരാതിയിലാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന വേളയിലാണ് ലക്ഷങ്ങൾ പങ്കെടുത്ത മഹാകുംഭമേള നടന്നത്. എന്നാൽ രൂക്ഷവിമര്ശനമുയർന്നതോടെ പരിപാടി ഒരുമാസത്തേക്കായി ചുരുക്കി. എങ്കിലും മേളയ്ക്കിടെ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു.
















