തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ഈമാസം അവസാനിക്കാനിരിക്കേയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.
കേരളത്തില്‍ നിന്നുള്ള വിദേശ യാത്രികരുടെ എണ്ണം കോവിഡ് പശ്ചാത്തലത്തില്‍ വലിയ തോതില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് വിമാനത്താളം ഏറ്റെടുക്കല്‍ നീട്ടിക്കൊണ്ടുപോകുന്നത്. വരുമാനം കുറവാണെന്ന കാര്യത്താലാണ് നടപടി നീട്ടുന്നത്.
കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തിരിച്ചടിയായി എന്നാണ് സമയം നീട്ടിവാങ്ങുന്നതിന് കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തിന് പുറമെ ജയ്പൂര്‍, ഗുവാഹത്തി, വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. വിഷയം ഈമാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യുമെന്നാണ് റിപോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 180 ദിവസത്തിനുള്ളില്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന.

















