രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
ഇതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഏക നിയമമായിരിക്കും പുതിയ ബിൽ പാസാകുന്നതോടെ വരിക. യന്ത്രവൽകൃത യാനങ്ങൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാണ്. എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റും അതത് തദ്ദേശ സ്ഥാപനങ്ങളിലോ ജില്ലകളിലോ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഒരിടത്തെ റജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും.
















