മുംബൈ: മുംബൈയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകള്‍ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയില്‍ 4, 6, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെയാണ് കണ്ണുകള്‍ നീക്കം ചെയ്തത്.
ഇതില്‍ 14 വയസുള്ള കുട്ടി പ്രമേഹബാധിതയായിരുന്നു. എന്നാല്‍ മറ്റ് രണ്ട് കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. പതിനാലുകാരിക്ക് കോവിഡ് രണ്ടാം തരംഗത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ 14 കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറുകയായിരുന്നുവെന്ന് ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു.
നാലും ആറും വയസുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താൽമിക് ആൻഡ് ഇഎൻടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. കുട്ടികളുടെ കണ്ണിൽ ബ്ലാക്ക് ഫംഗസ് പടർന്നിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
















