കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിന് ഇടയിൽ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം.അബോധാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ഇത്. ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടൻ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്. കയ്യുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണു യുവതി സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.

















