തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ മാസം 15 ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണായിരുന്നു അപകടം.
വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

















