സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍.ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് കേരളം തുറന്നത്. പ്രാദേശിക തലത്തിലുള്ള നിയന്ത്രങ്ങള്‍ ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തും. 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും.
എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു. വൈകിട്ട് 7 മണിവരെയാണ് സര്‍വീസ്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു. സംസ്ഥാനത്ത് മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും.
ഹോം ഡെലിവറി ടേക്ക് എവേ തുടരും. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരെ വെച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്.