കൊച്ചി: അയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയില്‍. നേരത്തെ അയിഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ ദ്വീപ് പൊലീസിന്റെ നടപടി.
അയിഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായതാണ്. അറസ്റ്റു ചെയ്യപ്പെടുമെന്ന അയിഷയുടെ ആശങ്കയില്‍ പ്രസക്തിയില്ലെന്നും ലക്ഷദ്വീപ് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അയിഷയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി അയിഷ സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസില്‍ പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.

















