കണ്ണൂര്‍: കെ.സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട്. ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.
കേസില്‍ അന്വേഷണ സംഘം സമീപിച്ചാല്‍ തെളിവ് നല്‍കും. തന്റെ കയ്യിലുള്ള രേഖകളടക്കം നല്‍കാം. സി.കെ.ജാനുവിന് പത്തുലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിനൊപ്പം ബത്തേരിയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ പണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രസീത ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് സുരേന്ദ്രന് 50 ലക്ഷം രൂപ നല്‍കിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹര്‍ജിയില്‍ കല്‍പ്പറ്റ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

















