ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. നിലവില്‍ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.ഇതുസംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടിരൂപ ചെലവഴിച്ചുവെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനിസ്‌ട്രേറ്റര്‍ യാത്രകള്‍ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ആരും ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചിരുന്നില്ല.ആറു മാസത്തിനിടെ പ്രഫുൽ പട്ടേൽ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.
അഡ്മിനിസ്‌ട്രേറ്ററുടെ അധികച്ചുമതലയേറ്റ ശേഷം നാലാംതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. കഴിഞ്ഞ മൂന്നുതവണത്തെ യാത്രകൾക്കായി 93 ലക്ഷം രൂപയാണ് ദ്വീപ് ഭരണകൂടം നൽകേണ്ടിവരിക. ഇത്തവണത്തെ സന്ദർശനം കൂടിയാകുമ്പോൾ ഇത് ഒന്നേകാൽ കോടിയോളമാകും. ദ്വീപ് ഭരണകൂടമാണ് ഈ തുക വഹിക്കുന്നത്.

















