കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുംബം നോക്കാന്‍ ചായവില്‍പ്പനയുമായി കരാട്ടെ ചാമ്പ്യന്‍.കരാട്ടെ ടൂര്‍ണമെന്റുകളില്‍ നിരവധി തവണ മെഡലുകള്‍ വാരിക്കൂട്ടിയ 28കാരന്‍ ജീവിക്കാനായി ചായക്കടയില്‍ അച്ഛനെ സഹായിക്കുകയാണ്.
23 വയസിനുള്ളില്‍ വിവിധ കാറ്റഗറിയിലായി 60 മെഡലുകളാണ് ഹരി ഓം ശുക്ല വാരിക്കൂട്ടിയത്. ജൂനിയര്‍, സീനിയര്‍ തല ടൂര്‍ണമെന്റുകളിലെ മിന്നുന്ന താരമായിരുന്നു ഈ യുവാവ്. അഞ്ചുവര്‍ഷം കൊണ്ടാണ് യുവാവിന്റെ ജീവിതം ആകെ മാറിയത്. ലോക്ക്ഡൗണും കൈയില്‍ ഉണ്ടായിരുന്ന സമ്പാദ്യം തീര്‍ന്നതും ജോലിയില്ലാത്തതുമാണ് മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയപ്പോള്‍ ഈ 28കാരനെ ചായ വില്‍പ്പനയിലേക്ക് പ്രേരിപ്പിച്ചത്.
കരാട്ടെ രംഗത്ത് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രോത്സാഹനം എന്ന നിലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി നല്‍കിയിരുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഈ സ്ഥാപനത്തില്‍ നിന്നുള്ള സഹായം ലഭിക്കാതെ വന്നു. പുതിയ ജീവിതമാര്‍ഗം എന്ന നിലയില്‍ കുട്ടികളെ കരാട്ടെ പഠിപ്പിക്കാന്‍ തുടങ്ങി. തുടർന്ന് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയായിരുന്നു . മറ്റു വഴികളില്ലാതെയാണ് ചായവില്‍പ്പന ആരംഭിച്ചതെന്ന് കരാട്ടെ ചാമ്പ്യന്‍ പറയുന്നു.
















